Kerala
കൽപ്പറ്റ: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്.
തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെയും വാസുവിനെയും സിപിഎം ഭയക്കുന്നുണ്ട്. അതിനാലാണ് അവർക്കെതിരെ നടപടി എടുക്കാത്തത്.
പാർട്ടി നടപടി സ്വീകരിച്ചാൽ പത്മകുമാറും വാസുവും സത്യം വെളിപ്പെടുത്തും. ഇത് ഒഴിവാക്കാനാണ് ഇരുവരെയും പാർട്ടി സംരക്ഷിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
National
ന്യൂഡൽഹി: കൊട്ടിയത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എൻജിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി.
മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി.കെ.സുധീഷ് എന്നിവർ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എൻജിനീയറിംഗ് കമ്പനിയുടെ റസിഡന്റ് എൻജിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസും നൽകി. വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹന യാത്രക്കാർ രക്ഷപ്പെട്ടത്.
Kerala
കോഴിക്കോട്: എരഞ്ഞിപ്പറമ്പിൽ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ഇതോടെ, വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി.
പുലര്‍ച്ചെ 12.55ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയത്. വീടുകൾക്കു മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു.
30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണി 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതായിരുന്നു. ടാങ്കിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്.
Kerala
തൃശൂർ: കോടാലി സ്കൂളിലെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്. സംഭവത്തിൽ സമാന്തര പരിശോധന നടത്തുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, നിർമാണത്തിൽ അപാകത ഉണ്ടായോ എന്നറിയാൻ രണ്ടു വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയ്ക്ക് കോസ്റ്റ്ഫോർഡ് ആണ് കെട്ടിടം നിർമിച്ചത്. എന്നാൽ, തകർന്നുവീണ റൂഫ് നിർമിച്ചത് കോസ്റ്റ്ഫോർഡ് നേരിട്ടല്ല. കോടാലിയിലുള്ള പ്രാദേശിക പണിക്കാരന് സബ് കോൺട്രാക്ട് നൽകുകയായിരുന്നു.